ജൈവ കീടനാശിനികൾ

 പുകയില കഷായം


 ആവശ്യമുള്ള സാധനങ്ങള്‍

1, പുകയില (ഞെട്ടോടെ) – അര കിലോ – വില കുറഞ്ഞത്‌ മതി
2, ബാര്‍ സോപ്പ് – 120 ഗ്രാം – ഡിറ്റര്‍ജെന്റ് സോപ്പ് ഉപയോഗിക്കരുത്
3, വെള്ളം – 4 1/2 ലിറ്റര്‍ (നാലര ലിറ്റര്‍ )


പുകയില ചെറുതായി അരിഞ്ഞ് നാലര ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ത്ത് ഒരു ദിവസം വയ്ക്കുക. അതിന് ശേഷം പുകയില കഷണങ്ങള്‍ പിഴിഞ്ഞ് ചണ്ടി മാറ്റുക. ബാര്‍സോപ്പ് ചീകിയെടുത്ത് അരലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. സോപ്പുലായനി പുകയില കഷായവുമായി നന്നായി ചേര്‍ത്ത് ലയിപ്പിക്കുക. സോപ്പ് ലയിപ്പിക്കാനുള്ള എളുപ്പ വഴി ഇവിടെ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

ഈ കഷായം ഏഴിരട്ടി വെള്ളം ചേര്‍ത്ത് ചെടികളില്‍ തളിക്കാം. മൃദുല ശരീരികളായ കീടങ്ങള്‍ക്കെതിരെ പുകയില കഷായം വളരെ ഫലപ്രദമാണ്. ഇലതീനിപ്പുഴു, മുഞ്ഞ, മീലി മൂട്ട, ശല്‍ക്കകീടം തുടങ്ങിയ കീടങ്ങളെ നിയന്ത്രിക്കുവാന്‍ പുകയില കഷായം ഉപയോഗിക്കാവുന്നതാണ്. ഉണ്ടാക്കി അധിക ദിവസം വെക്കരുത് , ചെറിയ അളവില്‍ ഉണ്ടാക്കുക, നല്ല വെയില്‍ ഉള്ളപ്പോള്‍ ചെടികളില്‍ തളിക്കാന്‍ ശ്രദ്ധിക്കുക , കഷായം ചെടികളില്‍ പറ്റിപ്പിടിക്കാന്‍ ആണ് ഇത്

വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം.

ആവശ്യമുള്ള സാധനങ്ങള്‍

1, വേപ്പെണ്ണ – 20 മില്ലി
2, വെളുത്തുള്ളി – 20 ഗ്രാം
3, ബാര്‍ സോപ്പ് – 6 ഗ്രാം (ഡിറ്റര്‍ജെന്റ് അല്ല, സണ്‍ലൈറ്റ് പോലത്തെ സോപ്പ്)
4, വെള്ളം – 1 ലിറ്റര്‍
ഉണ്ടാക്കുന്ന വിധം – അളന്നു വെച്ചിരിക്കുന്ന വെള്ളത്തില്‍ നിന്നും 250 മില്ലി എടുത്ത് സോപ്പ് നേര്‍പ്പിച്ചു ചീകി അലിയിച്ചു , അരിച്ചെടുക്കുക. വെളുത്തുള്ളി നല്ലവണ്ണം ചതച്ചു 50 മില്ലി വെള്ളം ഉപയോഗിച്ച് സത്ത് പിഴിഞ്ഞ് അരിച്ചെടുക്കുക. സോപ്പ് ലായനി വാവട്ടം കുറഞ്ഞ ഒരു കുപ്പിയിലാക്കി വേപ്പെണ്ണയും ചേര്‍ത്ത് ശക്തിയായി കുലുക്കി യോജിപ്പിക്കുക. ഇതിലേക്ക് വെളുത്തുള്ളി നീരും ചേര്‍ത്തിളക്കുക. ബാക്കി വെള്ളവും കൂടി ചേര്‍ക്കുക. ഒരു നല്ല ജൈവ കീടനാശിനി തയ്യാര്‍ .

ഗോമൂത്ര കാന്താരി മുളക് മിശ്രിതം



ആവശ്യമുള്ള സാധനങ്ങള്‍
 
1, ഗോമൂത്രം – 1 ലിറ്റര്‍
2, കാന്താരി മുളക് – 1 കൈപ്പിടി
3, ബാര്‍ സോപ്പ് – 50 ഗ്രാം
കാ‍ന്താരി മുളക് നന്നായി അരച്ചെടുക്കുക, അതിലേക്കു ഒരു ലിറ്റര്‍ ഗോ മൂത്രം ചേര്‍ക്കുക. ഇതിലേക്ക് ഇതില്‍ 60 ഗ്രാം ബാര്‍ സോപ്പ് ലയിപ്പിച്ച് ചേര്‍ത്തിളക്കുക. ഈ മിശ്രിതം നന്നായി അരിച്ചെടുത്ത്‌ 10 ഇരട്ടി വെള്ളം ചേര്‍ത്ത് സ്പ്രേ ചെയ്തു കൊടുക്കാം. മൃദുശരീരികളായ കീടങ്ങളായ പടവലപ്പുഴു , വരയന്‍ പുഴു, ഇലപ്പുഴു, കൂടുകെട്ടി പുഴു, പയര്‍ ചാഴി , കായ്‌ തുരപ്പന്‍ പുഴു, ഇലതീനി പുഴുക്കള്‍ ഇവയ്ക്കെതിരെ ഗോമൂത്ര കാന്താരി മുളക് മിശ്രിതം ഉപയോഗിക്കാം.



വേപ്പണ്ണ എമൾഷൻ തയ്യാറാക്കുന്ന വിധം

വേപ്പെണ്ണ എമൽഷൻ ഒരു പ്രധാനപ്പെട്ട ജൈവ കീട നാശിനിയാണ്.ചെടികളെ ആക്രമിക്കുന്ന കീടങ്ങളെ നശിപ്പിക്കുന്നതിനായ് ജൈവികമായ വസ്തുക്കളാൽ നിർമ്മിക്കുന്ന കീടനാശിനിയാണ് .വേപ്പെണ്ണ എമൽഷൻ ചെടികളിൽ ഉപയോഗിക്കുന്നതുമൂലം ചെടികൾക്കോ പരിസ്ഥിതിക്കോ യാതൊരു വിധത്തിലും കേടുപാടുകൾ ഉണ്ടാക്കുന്നില്ല. ഇതാണ്‌ രാസകീടനാശിനികളിൽ നിന്നും ജൈവകീടനാശിനികൾക്കുള്ള പ്രധാന മേന്മ. ജൈവകീടനാശിനികൾ പ്രധാനമായും വേപ്പ്, തുളസി, പുകയില, മണ്ണെണ്ണ, കാന്താരിമുളക് തുടങ്ങിയവയിൽ മറ്റ് ജൈവവസ്തുക്കൾ ചേർത്ത് നിർമ്മിക്കുന്നു.ജൈവ കൃഷികളിൽ ഒഴിച്ച്  കൂട്ടനാവാത്ത ജൈവ കീടനാശിനിയാണ്  വേപ്പെണ്ണ എമൽഷൻ.ഇലതീനി പുഴുക്കൾ ,ചിത്രകൂടം,വെള്ളീച്ച,പയർ പേൻ തുടങ്ങിയ കീടങ്ങൾക്കെതിരെ ഫലപ്രദമായ ഒരു കീടനാശിനി ആണ്  വേപ്പെണ്ണ എമൽഷൻ.വേപ്പെണ്ണ,ബാർ സോപ്പ് എന്നിവ ഉപയോഗിച്ചാണ്‌ വേപ്പെണ്ണ എമൽഷൻ നിർമിക്കുന്നത്.ഒരു ലിറ്റർ വേപ്പെണ്ണ ഉണ്ടാക്കാൻ ഏകദേശം 65 ഗ്രാം ബാർ സോപ്പ് ആണ് വേണ്ടി വരുക.അര ലിറ്റർ ചൂട് വെള്ളത്തിൽ 65 ഗ്രാം സോപ്പ് ലയിപ്പിച്ചെടുക്കുക.ഇതിലേക്ക് വേപ്പെണ്ണ ചേർത്ത് നല്ലപോലെ ഇളക്കുക.ഈ ലായനി വെള്ളം ചേർത്ത് നേർപ്പിച്ചു വേണം ചെടികളുടെ ഇലകളിൽ തളിക്കാൻ.നല്ല വെയില് ഉള്ളപ്പോൾ തളിക്കുന്നതാണ് ഫലപ്രദം.വേപ്പെണ്ണ എമൽഷൻ അധിക നാൾ ഇരിക്കില്ല.ആയതിനാൽ ആവിശ്യത്തിന് അനുസരിച്ച് കുറച്ചു നിർമിക്കുന്നതാണ്  അഭികാമ്യം.


 


                                               പുകയിലക്കഷായം



കീടനിയന്ത്രണത്തിനുപയോഗിക്കുന്ന ഒരു ജൈവ കീടനാശിനിയാണ്‌ .ചെടികളെ ആക്രമിക്കുന്ന കീടങ്ങളെ നശിപ്പിക്കുന്നതിനായ് ജൈവികമായ വസ്തുക്കളാൽ നിർമ്മിക്കുന്ന കീടനാശിനികളാണ്‌ ജൈവകീടനാശിനികൾ.പുകയിലയും,സോപ്പും ഉപയോഗിച്ചാണ്‌  പുകയിലക്കഷായം നിർമിക്കുന്നത്‌ .പുകയിലക്കഷായം ഉപയോഗിച്ച് ഇലപ്പേൻ,തണ്ടുതുരപ്പൻ,ഏഫിഡുകൾ, മുഞ്ഞ, മിലി മൂട്ട,പുഴു തുടങ്ങിയ കീടങ്ങളെ നിയന്ത്രിക്കാം.തണ്ടുതുരപ്പൻ പുഴുക്കളെ തുരത്താൻ പുകയിലക്കഷായം വ്യാപകമായി  ഉപയോഗിക്കുന്നു.

ഒരു കിലോഗ്രാം പുകയില (തണ്ടും ഇലയും)കൊത്തിയരിഞ്ഞ് 15 ലിറ്റർ വെള്ളത്തിൽ ഒരു ദിവസം കുതിർത്ത് വെയ്ക്കണം. ഇത് അരിച്ചെടുത്ത് 100 ഗ്രാം ബാർ സോപ്പ് ചീകിയിട്ട് ലയിപ്പിച്ചെടുത്താണ് പുകയില കഷായം നിർമ്മിക്കുന്നത്. വീര്യം കൂടിയ പുകയിലകഷായമുണ്ടാക്കാൻ പുകയില അരിഞ്ഞിട്ട ലായനി അരമണിക്കൂർ തിളപ്പിച്ചാൽ മതിയാകും പുകയിലയുടെ സത്ത് ചെടികളിൽ നന്നായി ഒട്ടിപ്പിടിയ്ക്കാൻ വേണ്ടിയാണ് ബാർ സോപ്പ് ഉപയോഗിക്കുന്നത്. പച്ചക്കറികളിൽ ഉപയോഗിക്കുമ്പോൾ സോപ്പിന്റെ അളവ് ഇരട്ടിയാക്കുന്നത് എളുപ്പം ചെടിയിൽ പറ്റിയിരിക്കാൻ സഹായിക്കും.
 
 


കാന്താരിമുളക് ലായനി

10 ഗ്രാം കാന്താരിമുളക് 1 ലിറ്റർ ഗോമൂത്രത്തിൽ അരച്ച് ചേർക്കുന്നു. ഈ മിശ്രിതത്തിലേക്ക് 10 ലിറ്റർ വെള്ളം ചേർത്ത് നേർപ്പിച്ച് പുഴുക്കളുടെ മേൽ തളിച്ചാൽ രോഗബാധ നിലയ്ക്കുന്നതാണ്‌.പടവല പുഴു,വരയൻ പുഴു,ഇലപ്പുഴു,കൂടുകെട്ടി പുഴു,പയർ ചാഴി,കായ്‌ തുരപ്പൻ പുഴു,ഇലതീനി പുഴുക്കൾ എന്നിവയ്ക്കെതിരെ കാന്താരിമുളക് ലായനി വ്യാപകമായി ഉപയോഗിക്കുന്നു.

                                              വേപ്പെണ്ണപയസ്യം

200 മി.ലി. വേപ്പെണ്ണയിൽ; 500 മി.ലി. ചൂടുവെള്ളത്തിൽ 50ഗ്രാം അലക്ക് സോപ്പ് ചീകിയിട്ട് അലിയിച്ചതും 200ഗ്രാം വെളുത്തുള്ളി അരച്ച് അരിച്ചെടുത്ത സത്തുംകൂടി ചേർത്ത് നല്ലതുപോലെ സാവധാനത്തിൽ യോജിപ്പിച്ച് എടുക്കുന്ന മിശ്രിതത്തിൽ 9 ലിറ്റർ വെള്ളവും കൂടി ചേർത്താൽ 10 ലിറ്റർ വേപ്പെണ്ണപയസ്യം 2% വീര്യത്തിൽ ലഭിക്കും. പച്ചത്തുള്ളൻ എന്ന കീടത്തിനെതിരെ ഇലകളുടെ അടിഭാഗത്തായി തളിക്കാവുന്നതാണ്‌.



നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും രേഖപ്പെടുത്തുക

No comments:

Post a Comment